Wednesday, 5 October 2016



അച്ഛനെ തട്ടിക്കൊണ്ട് പോയി; സങ്കടം താങ്ങാനാകാതെ കുഞ്ഞു പെന്‍ഗ്വിനുകള്‍ ജീവൻ വെടിഞ്ഞു



പരിസ്ഥിതി സ്നേഹം അതിരു കടന്നാല്‍ സംഭവിക്കുന്ന ദുരന്തമാണു രണ്ടു പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആഫ്രിക്കന്‍ പെന്‍ഗ്വിൻ കുഞ്ഞുങ്ങൾക്കാണ് ഈ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്നത്. ദക്ഷണാഫ്രിക്കയിലെ ജോഹനാസ് ബര്‍ഗിലെ മൃഗശാലയിലാണു സംഭവം നടന്നത്.

ഒരാഴ്ച മുന്‍പാണു മൃഗശാലയിലെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടെ അച്ഛനെ കാണാതായത്. വൈകാതെ പെന്‍ഗ്വിനെ തങ്ങള്‍ തട്ടിക്കൊണ്ടു പോയതാണെന്നു കാണിച്ചു പരിസ്ഥിതി പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന രണ്ടു പേരുടെ കത്ത് മൃഗശാലയക്കു ലഭിച്ചു.മൃഗങ്ങളെ കൂട്ടിലിട്ടു വളര്‍ത്തുന്നതിനോടുള്ള പ്രതിഷേധമാണിതെന്നും പെന്‍ഗ്വിനെ അതിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വതന്ത്രമാക്കുമെന്നും കത്തിലുണ്ടായിരുന്നു.

എന്നാല്‍ പരിസ്ഥിതി സ്നേഹത്തിന്‍റെ പേരില്‍ അവർ ചെയ്തത് വലിയ മണ്ടത്തരമായിരുന്നു. അമ്മയില്ലാത്ത ആ രണ്ടു പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക് അച്ഛനായിരുന്നു ഏക ആശ്രയം. അതുകൂടി നഷ്ടമായതോടെ സങ്കടം സഹിക്കാനാകാതെ ഭക്ഷണം ഉപേക്ഷിച്ച കുഞ്ഞുങ്ങൾ ഇന്നലെ ജീവൻ വെടിഞ്ഞു. അച്ഛനെ കാണാതാകുന്നതു വരെ ഇരുവരും ആരോഗ്യവാന്മാരായിരുന്നുവെന്നു മൃഗശാല അധികൃതര്‍ പറഞ്ഞു.

തട്ടിക്കൊണ്ടു പോകപ്പെട്ട പെന്‍ഗ്വിന്‍റെ അവസ്ഥയും വ്യത്യസ്തമാകില്ലെന്നാണു മൃഗശാല അധികൃതര്‍ കരുതുന്നത്. പുറത്തെ ആവാസ വ്യവസ്ഥയില്‍ ജീവിച്ചു പരിചയമില്ലാത്ത പെന്‍ഗ്വിന് അധികനാള്‍ അതിജീവിക്കാനാകില്ലെന്നവര്‍ കണക്കു കൂട്ടുന്നു. അന്ധമായ പരിസ്ഥിതി സ്നേഹത്തിനിടയില്‍ വിവേചനബുദ്ധി നഷ്ടപ്പെട്ടതാണു പെൻഗ്വിൻ കുടുംബത്തിന്‍റെ ദാരുണാന്ത്യത്തിനു കാരണമായതെന്നും അധികൃതർ വിലയിരുത്തുന്നു. 


No comments:

Post a Comment