പക്ഷികള്‍ ഉയരത്തിൽ പറക്കുന്നതിനു പിന്നിലെ രഹസ്യം?
അനായാസമായി കണ്ണെത്താ ദൂരത്തോളം ഉയരത്തില്‍ ചില പക്ഷികള്‍ പറക്കുന്നത് കണ്ട് നമ്മള്‍ അന്തിച്ചു നിന്നിരിക്കും. എങ്ങനെയാണ് ഈ പക്ഷികള്‍ക്ക് ഇത്രയേറെ ഉയരത്തില്‍ വളരെയധികം ദൂരം പറക്കാനാകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
പ്രകൃതിയിലെ സ്വാഭാവികമായ വാതപ്രവാഹങ്ങളും കുത്തനെയുള്ള വായുവിന്റെ ചുഴികളുമാണു പക്ഷികള്‍ക്ക് ഉയരത്തില്‍ അനായാസം എത്തുന്നതിനു സഹായിക്കുന്നതെന്നാണ് പഠനം പറയുന്നത്. പക്ഷികള്‍ ഭൂമിയില്‍ നിന്നും ഉഷ്ണവാതങ്ങളുടെ സഹായത്തില്‍ മുകളിലേക്കു പറക്കുന്നതിന്റെ ചിത്രങ്ങളും അല്‍ഗോരിതവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷികളുടെ രഹസ്യം പൂര്‍ണ്ണമായും മനസിലാക്കുക വഴി സമാനമായ രീതിയില്‍ തെന്നി നീങ്ങുന്ന ഗ്ലൈഡറുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
ചിറകടിച്ച് ഊര്‍ജ്ജം കളയാതെ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിച്ചാണ് പക്ഷികള്‍ മുകളിലേക്ക് എത്തുന്നത്. ദേശാടന പക്ഷികളും കടല്‍ പക്ഷികളും പരുന്ത്, കഴുകന്‍ തുടങ്ങിയ ഇരപിടിയന്മാരുമാണ് ഇത്തരത്തില്‍ വാതകങ്ങളുടെ സഹായത്തില്‍ ആകാശം കീഴടക്കുന്നത്. ഇതില്‍ പല പക്ഷികളും ശാരീരികമായി വലിപ്പമുള്ളവയാണ്. അതുകൊണ്ടുതന്നെ ഭൂമിയിലെ വാതക പ്രവാഹങ്ങളുടെ സഹായമില്ലാതെ ചിറകുകളുടെ മാത്രം സഹായത്തില്‍ ഇവക്ക് ഇത്രയേറെ ഉയരത്തില്‍ പറക്കാനാകില്ല.
ഭൂമിയില്‍ നിന്നും കുത്തനെ അന്തരീക്ഷത്തിലേക്കുള്ള കുഴലുപോലെയുള്ള ഉഷ്ണ വാതക പ്രവാഹങ്ങളെക്കുറിച്ച് നേരത്തെ തന്നെ ശാസ്ത്ര ലോകത്തിന് അറിവുള്ളതാണ്. ഈ വാതക പ്രവാഹങ്ങള്‍ക്ക് പക്ഷികളുടെ പറക്കലുമായുള്ള നേരിട്ടുള്ള ബന്ധം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറായ സാന്‍ഡിയാഗോയും സംഘവും. ഭൗതികശാസ്ത്രജ്ഞരുടേയും ജൈവശാസ്ത്രജ്ഞരുടേയും സംയുക്ത സംഘമാണ് പഠനം നടത്തിയത്.
കണക്കുകളാലും വസ്തുതകളാലും സമ്പന്നമാണെന്നതാണ് ഇവരുടെ പഠനത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇവരുടെ കൂട്ടത്തിലെ ന്യൂറോ ബയോളജിസ്റ്റായ തെരെന്‍സ് സെനോവ്‌സ്‌കിയാണ് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഗ്രാഫുകളും അല്‍ഗോരിതങ്ങളും നിര്‍മ്മിച്ചത്. ഈ ഗണിത മാതൃകകളെ അടിസ്ഥാനമാക്കി വായുവില്‍ തെന്നി നീങ്ങാന്‍ സാധിക്കുന്ന ഗ്ലൈഡറുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. പക്ഷികളുടെ പറക്കല്‍ രഹസ്യം പൂര്‍ണ്ണമായും പുറത്തായാല്‍ യന്ത്രസഹായമില്ലാതെ മനുഷ്യനെ പറക്കാന്‍ സഹായിക്കുന്ന ഗ്ലൈഡറുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം.
No comments:
Post a Comment