Sunday 16 October 2016


തിരികെ പോകാൻ കൂട്ടാക്കാത്ത പക്ഷി; അറിയാം ഈ അപൂർവ സൗഹൃദം



രണ്ടു വർഷം മുൻപാണ് തടാകത്തിൽ മുങ്ങിത്താണു കൊണ്ടിരുന്ന വാത്തക്കുഞ്ഞിനെ മൈക്ക് ജിവാൻജീ രക്ഷിച്ചത്. ഓറിഗണിലെ ഓസ്‌വിഗോ തടാകത്തിൽ നിന്നാണ് മൈക്കിനു വാത്തക്കുഞ്ഞിനെ കിട്ടിയത്. ഒറ്റപ്പെട്ട വാത്തക്കുഞ്ഞിനെ മറ്റു വാത്തകളുടെ വാസസ്ഥലത്തെത്തിച്ചെങ്കിലും അവർ കൂടെ കൂട്ടാൻ തയാറായില്ല. അങ്ങനെയാണ് മൈക്ക് വാത്തക്കുഞ്ഞുമായി വീട്ടിലേക്കു പോയത്. പിന്നീടിതിന് കൈൽ എന്നു പേരുമിട്ടു. ആരോഗ്യം വീണ്ടെടുത്തു പറക്കാറാകും വരെ വാത്തയെ സംരക്ഷിക്കാമെന്നാണ് മൈക്ക് കരുതിയത്. എന്നാൽ ആരോഗ്യം വീണ്ടെടുത്തെങ്കിലും മൈക്കിനെ വിട്ടു പോകാൻ കൈൽ തയാറായില്ല. കൈലിനെ സ്വതന്ത്രയാക്കി വനത്തിലേക്കു തിരികെ അയയ്ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ലെന്നു മൈക്ക് പറയുന്നു. ഓരോ തവണയും മൈക്ക് കൈലിനെ ദൂരെസ്ഥലങ്ങളിൽ കൊണ്ടുവിട്ടിട്ടു വരുമ്പോഴും മൈക്കിനേക്കാൾ മുമ്പിൽ കൈൽ വീട്ടിലെത്തിയിരിക്കും. ഒടുവിൽ മൈക്ക് ആ ശ്രമം ഉപേക്ഷിച്ചു.

പറക്കാൻ പഠിച്ചതു മുതൽ പകൽ സമയം എവിടെയെങ്കിലുമൊക്കെ പോകുമെങ്കിലും വൈകുന്നേരമാകുമ്പോൾ മൈക്കിനരികിൽ തിരികെയെത്തും. മൈക്കാണു കൈലിന്റെ ലോകമെന്നു പറയാം. മൈക്ക് എവിടെ പോയാലും കൈൽ പിന്തുടരും. ബോട്ടിങ്ങിനു പോയാൽ ക‍ത്യമായി ആ ബോട്ടിനരികിലെത്തും. ഷോപ്പുകളിലും റോഡിലുമൊക്കെ മൈക്കിനൊപ്പം കറങ്ങുകയാണു കൈലിന്റെ വിനോദം.

ചിലപ്പോൾ മനുഷ്യരുടേതു പോലെയാണു കൈലിന്റെ സ്വഭാവമെന്നും മൈക്ക് പറയുന്നു. മൈക്കിനരികിൽ പെൺകുട്ടികൾ വരുന്നതൊന്നും കക്ഷിക്ക് ഇഷ്ടമല്ല.എന്നാൽ എല്ലാവരോടും ഇഷ്ടക്കേടുമില്ല. ചിലരോടു മാത്രമാണ് അപ്രിയം. മൈക്കിന്റെ മിക്ക പെൺ സുഹൃത്തുക്കളോടും കൈലിനു വിരോധമൊന്നുമില്ല. അവരോടൊപ്പവും കൈൽ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ എന്താണു ചെയ്യുന്നതെന്നു കൈലിനു പോലും നിശ്ചയമുണ്ടാവില്ല. ചിലപ്പോൾ മറ്റു ബോട്ടുകളിൽ കയറി ബഹളമുണ്ടാക്കും ഇല്ലെങ്കിൽ അയൽവീട്ടിൽ അതിക്രമിച്ചു കടന്ന് എന്തെങ്കിലും മോഷ്ടിക്കും ഇതൊക്കെയാണു കൈലിന്റെ കലാപരിപാടികൾ. കീചെയിനും വാലറ്റും പോലുള്ള ചെറിയ സാധനങ്ങൾ അയൽവീടുകളിൽ നിന്നു മോഷ്ടിച്ചു വെള്ളത്തിടുന്നത് കൈലിന്റെ പ്രധാന വിനോദമാണെന്നും മൈക്ക് പറയുന്നു.

വീട്ടിൽ ഒന്നിച്ചുള്ള സമയങ്ങളിൽ ടിവികാണുകയാണു ഇരുവരുടെയും പ്രധാന പരിപാടി. ഡിസ്കവറിയും ആനിമൽ പ്ലാനറ്റുമാണ് കൈലിനേറെയിഷ്ടം. അയൽക്കാർ അവധിക്കാലമാഘോഷിക്കാൻ പോകുമ്പോൾ അവിടെ ചുറ്റിത്തിരിയാനും കൈലിനിഷ്ടമാണ്. എന്തായാലും ഇണക്കങ്ങളും പിണക്കങ്ങളുമായി ഇരുവരുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. 



No comments:

Post a Comment